ആദ്യത്തെ സാലറി അബദ്ധത്തിൽ അപരിചിതനായ വ്യക്തിക്ക് അയച്ച് കൊടുത്ത് പെരുവഴിയിലായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മലേഷ്യൻ യുവതിക്കാണ് അമളി പറ്റിയത്. തനിക്ക് കിട്ടിയ ആദ്യത്തെ സാലറി സർപ്രൈസായി തന്റെ അമ്മയ്ക്ക് അയച്ച് കൊടുക്കാൻ ആയിരുന്നു യുവതി തീരുമാനിച്ചത്. എന്നാൽ, അബദ്ധത്തിൽ അവൾ പണം മുഴുവനും അയച്ചത് വേറെ ഏതോ അക്കൗണ്ട് നമ്പറിലേക്കാണ്. ഫഹദ ബിസ്താരി എന്ന യുവതിക്കാണ് അമളി പറ്റിയത്.
‘എനിക്ക് ഇന്ന് എന്റെ ആദ്യത്തെ സാലറി കിട്ടി. അത് ഒരുപാടൊന്നും ഇല്ല. ഞാൻ വളരെ കുറച്ച് ദിവസമേ ജോലി ചെയ്തിട്ടുള്ളൂ. ആ പണം ഞാൻ എന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. ഞാൻ അബദ്ധത്തിൽ പണം അയച്ചു കൊടുത്തത് ഏതോ ഒരു അപരിചിതന് ആണ്’, യുവതി പറയുന്നു.
ആദ്യത്തെ സാലറി കിട്ടിയതിന്റെ അതിയായ സന്തോഷത്തിലായിരുന്നു ഫഹദ. ആദ്യത്തെ പണം തന്നെ അമ്മയ്ക്ക് അയച്ചു കൊടുക്കണം എന്നത് അവളുടെ ആഗ്രഹമായിരുന്നു. എന്നാൽ, ആ അമിതാഹ്ലാദത്തിൽ അക്കൗണ്ട് നമ്പർ ശരിക്ക് ചെക്ക് ചെയ്തില്ല.
ശേഷം അവൾ അമ്മയ്ക്ക് രസീതിന്റെ ചിത്രം അയച്ച് കൊടുത്തു. എന്നാൽ, തനിക്ക് പണമൊന്നും വന്നില്ലെന്ന് അമ്മ പറഞ്ഞു. പിന്നീട് കൃത്യമായി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾക്കാണ് പണം അയച്ചതെന്ന് മനസിലായത്. അയാളുടെ ഫോണിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ, ആ പണം തിരികെ തരാനാകില്ലെന്നായിരുന്നു അയാൾ പറഞ്ഞത്. അത് ഏതെങ്കിലും ചാരിറ്റിക്ക് നൽകിയതായി കരുതിക്കൊള്ളാനുമാണ് അയാൾ അവളോട് പറഞ്ഞത്.
കരഞ്ഞു കൊണ്ടാണ് ഫഹദ ഈ സംഭവങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്. ഏതായാലും പിറ്റേ ദിവസം അയാൾ അവൾക്ക് ആ പണം തിരികെ കൊടുത്തു. അതിന് മുമ്പ് അവൾ ആ പണത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് അയാൾക്ക് ഒരു നീണ്ട മെസേജ് തന്നെ അയച്ചിരുന്നു. ഈ മെസേജ് കണ്ട് സഹതാപം തോന്നിയത് കൊണ്ടാകാം അയാൾ പണം തിരിച്ചയച്ചത്.
Post Your Comments