മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉൽപ്പാദക കമ്പനിയായ ലുക്കോയിലിന്റെ (LKOH.MM) ചെയർമാൻ രവിൽ മഗനോവ് വ്യാഴാഴ്ച മോസ്കോയിലെ ആശുപത്രി ജനാലയിൽ നിന്ന് വീണ് മരിച്ചു. റഷ്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുടെ അടുത്ത കാലത്തെ തുടര്‍ മരണങ്ങളില്‍ പുതിയതാണ് രവിൽ മഗനോവിന്‍റെത്. ആറ് മാസത്തിനിടെ കൊല്ലപ്പെടുന്ന ഉന്നത മേധാവികളിൽ പത്താമത്തെ ആളാണ് രവിൽ.
67-കാരൻ ആയ രവിൽ ആശുപത്രി കെട്ടിടത്തിൽ നിന്നും വീഴാനുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് രവിലിന്റെ മരണത്തെ ആത്മഹത്യയെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, മഗനോവുമായി അടുത്ത ബന്ധമുള്ളവർ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നില്ല. റഷ്യൻ സ്റ്റേറ്റ് എനർജി ഭീമനായ റോസ്നെഫ്റ്റുമായി (ROSN.MM) മത്സരിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ലുക്കോയിൽ. ഊർജ്ജ വ്യവസായവുമായി ബന്ധമുള്ള പത്തോളം റഷ്യൻ വ്യവസായികളെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തമല്ലാത്ത സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ കമ്പനിയുടെ തലപ്പത്തുള്ളവർ ഓരോരുത്തരായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ്. പത്തിലധികം ആളുകളാണ് കഴിഞ്ഞ 6 മാസത്തിനിടെ കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്തിരിക്കുന്നത്. ഉക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഉന്നതരുടെ മരണം. ഫെബ്രുവരിയിൽ മോസ്‌കോ തങ്ങളുടെ സൈനികരെ ഉക്രൈനിലേക്ക് അയച്ചതിന് ശേഷം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത ചുരുക്കം ചില റഷ്യൻ കമ്പനികളിൽ ഒന്നാണ് ലുക്കോയിൽ.
Also Read:എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
റഷ്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപ്പാദക കമ്പനിയായ നൊവാടെക്കിന്റെ (NVTK.MM) മുൻ ടോപ്പ് മാനേജരായ സെർജി പ്രോട്ടോസെനിയയുടേത് ഒഴികെയുള്ള മരണങ്ങളെല്ലാം നടന്നത് റഷ്യയിലാണ്. ഇയാളെ സ്‌പെയിനിലെ ഒരു വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇയാൾ ആത്മഹത്യ ചെയ്തത്.
ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്‍റെ പിറ്റേന്ന് റഷ്യന്‍ എണ്ണ കമ്പനി ഗാസ്പ്രോംയുടെ എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മെയ് മാസത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു.
2014 മുതൽ, ഉക്രൈനിൽ നിന്ന് ക്രിമിയ മോസ്കോ പിടിച്ചടക്കിയതിന് ശേഷം, യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഏർപ്പെടുത്തിയ മേഖലാ ഉപരോധങ്ങൾക്ക് ലുക്കോയിൽ വിധേയനായിരുന്നു. ലുക്കോയിൽ ആഫ്രിക്കയിൽ ബിസിനസ്സ് വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. ഇറ്റലിയിൽ ഉൾപ്പെടെ യൂറോപ്പിൽ റിഫൈനറികളുണ്ട്.
ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യൻ വ്യവസായികൾ
ലിയോണിഡ് ഷുൽമാൻ
ഗ്യാസ് ഭീമനായ ഗാസ്‌പ്രോമിന്റെ (GAZP.MM) നിക്ഷേപ പദ്ധതികൾ കൈകാര്യം ചെയ്യുന്ന ഗാസ്‌പ്രോം ഇൻവെസ്റ്റിലെ ഗതാഗത സേവനത്തിന്റെ തലവനായിരുന്നു 60 കാരനായ ഷുൽമാൻ. ജനുവരി 30-ന് സെന്റ് പീറ്റേഴ്‌സ്ബർഗിന് വടക്കുള്ള വൈബോർഗ്‌സ്‌കി ജില്ലയിലെ ഒരു കോട്ടേജിലെ കുളിമുറിയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഷുൽമാൻ അസുഖ അവധിയിലായിരുന്നു. ഈ സമയമായിരുന്നു മരണം.
അലക്സാണ്ടർ ത്യുലകോവ്
റഷ്യ ഉക്രൈനെ ആക്രമിച്ചതിന്റെ പിറ്റേന്ന് രാവിലെ, ഫെബ്രുവരി 25-ന് ത്യുലാക്കോവിനെ തന്റെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വീടിന്റെ ഗാരേജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാസ്‌പ്രോമിലെ (GAZP.MM) എക്‌സിക്യൂട്ടീവായ 61-കാരന്റെ മരണത്തിൽ ഗാസ്‌പ്രോമോ റീജിയണിന്റെ അന്വേഷണ സമിതി പരസ്യമായ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചില്ല. നോവയ ഗസറ്റ പത്രം പ്രത്യക്ഷമായ ആത്മഹത്യയായി ഇതിനെ വിശേഷിപ്പിച്ചു.
മിഖായേൽ വാറ്റ്ഫോർഡ്
66 കാരനായ ഉക്രേനിയൻ വംശജനായ വ്യവസായിയായ വാറ്റ്ഫോർഡിനെ ഫെബ്രുവരി 28 ന് തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ഉദ്യോഗസ്ഥർ കരുതുന്നില്ലെന്നും, എന്നാൽ അന്വേഷണം നടക്കുന്നുണ്ടെന്നും സറേ പോലീസ് വ്യക്തമാക്കി.
വ്ലാഡിസ്ലാവ് അവയേവ്
ഗാസ്‌പ്രോംബാങ്കിലെ മുൻ വൈസ് പ്രസിഡന്റായ 51 കാരനായ അവയേവിനെ ഏപ്രിൽ 18 ന് മോസ്കോയിലെ ഒരു അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളും ഉണ്ടായിരുന്നു. ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, അവയേവ് സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സെർജി പ്രോട്ടോസെനിയ
റഷ്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക നിർമ്മാതാക്കളായ നൊവാടെക്കിന്റെ (NVTK.MM) മുൻ ടോപ്പ് മാനേജരായ 55 കാരനായ സെർജി പ്രോട്ടോസെന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്പെയിനിലെ ഒരു വില്ലയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഏപ്രിൽ 19 ന് ആയിരുന്നു സംഭവം. ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷം ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വ്ലാഡിമിർ ലിയാക്കിഷേവ്
ബ്രത്യ കരാവായേവി റെസ്റ്റോറന്റ് ശൃംഖലയുടെ മുൻ സഹ ഉടമയായ 45 കാരനായ ലിയാകിഷേവിനെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ 16-ാം നിലയിലെ ബാൽക്കണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മെയ് 4 ന് തലയിൽ വെടിയേറ്റ നിലയിൽ ആണ് ലിയാക്കിഷേവിനെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
യൂറി വോറോനോവ്
ഗാസ്‌പ്രോമിന്റെ ആർട്ടിക് കരാറുകളിൽ ജോലി ചെയ്തിരുന്ന ആസ്ട്ര-ഷിപ്പിംഗ് എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ വൊറോനോവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലെനിൻഗ്രാഡ് മേഖലയിലെ ഒരു കോട്ടേജ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ ആയിരുന്നു അദ്ദേഹം കിടന്നിരുന്നത്. തലയിൽ വെടിയേറ്റിരുന്നു. സമീപത്ത് ഒരു പിസ്റ്റളും ഉണ്ടായിരുന്നു. ആത്മഹത്യ ആണെന്നും, കൊലപാതകമാണെന്നും റിപ്പോർട്ടുകളുണ്ട്.
രാവിൽ മഗനോവ്
ലുക്കോയിലിന്റെ (LKOH.MM) ചെയർമാൻ 67 കാരനായ രവിൽ മഗനോവ് വ്യാഴാഴ്ച മോസ്കോയിലെ ആശുപത്രി ജനാലയിൽ നിന്ന് വീണു മരിച്ചു.
Post Your Comments