
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, നടൻ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും. തുടര്‍ന്ന് കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീത സദസുമുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ ആകെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്.
പാരമ്പര്യ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത – ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. നവ്യ നായര്‍, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ്, അഗം ബാന്‍ഡ് എന്നിവരുടെ സംഗീത പ്രകടനവും നിശാഗന്ധിയിലെ മുഖ്യആകര്‍ഷണമാകും.സെപ്തംബര്‍ 12 വൈകിട്ട് അഞ്ച് മണിക്ക് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നീളുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷം സമാപിക്കും.
Post Your Comments