കൊളംബോ: ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നിത്യാനന്ദയുടെ ആരോഗ്യനില വഷളായെന്നും ചികിത്സയ്ക്കായി രാഷ്ട്രീയ അഭയം തരണമെന്നും ചൂണ്ടിക്കാട്ടി ശ്രീലങ്കയ്ക്ക് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്.
കൈലാസത്തില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ വച്ച് അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. നിത്യാനന്ദയെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം നല്‍കാനും കഴിയുമെന്നും പറഞ്ഞിട്ടുണ്ട്. ചികിത്സയുടേയും ഉപകരണങ്ങളുടേയും ചിലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്നും കത്തില്‍ വാഗ്ദാനമുണ്ട്.
അടുത്തിടെ നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണ് വാറന്റ്. നിത്യാനന്ദയുടെ മുന്‍ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പന്‍ ആണ് 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമന്‍സുകള്‍ നിത്യാനന്ദയ്‌ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റിറക്കിയത്. അതേസമയം ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments