തിരുവനന്തപുരം: കെ റെയില്‍ കര്‍ണാടകയിലേയ്ക്ക് നീട്ടാന്‍ തീരുമാനം. സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കാസര്‍ഗോഡ് നിന്നും മംഗലൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച.
ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. തലശ്ശേരി-മൈസൂര്‍- നഞ്ചന്‍കോട് റെയില്‍പാതയും പിണറായി- ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയില്‍ മുഖ്യചര്‍ച്ചയാകും. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കേന്ദ്രതടസ്സം വേഗം നീക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അതേസമയം, അതിവേഗ റെയില്‍പാത വേണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
Post Your Comments