KeralaLatest NewsIndiaNews

അഭിമാനമായി ഐ.എൻ.എസ് വിക്രാന്ത്: 15 വർഷത്തെ പ്രയത്നം, രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

നാവികസേനയുടെ ഭാഗമായി ഐ.എൻ.എസ് വിക്രാന്ത് ഇനി ഇന്ത്യൻ സമുദ്രതീരം കാക്കും

കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പൽശാലയിൽ രാവിലെ 10ന് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറിയത്. രാജ്യത്തിന്റെ സ്വപ്നം 15 വർഷത്തെ പ്രയത്നത്തിലൂടെയാണ് യാഥാർഥ്യമായിരിക്കുന്നത്. നാവിക സേനയുടെ ഭാഗമായി ഐ.എൻ.എസ് വിക്രാന്ത് ഇനി ഇന്ത്യൻ സമുദ്ര തീരം കാക്കും.

കൊച്ചി കപ്പൽശാലയിലാണ് നമ്മുടെ അഭിമാനമായ ഈ യുദ്ധക്കപ്പൽ നിർമിച്ചത്. ചെലവിട്ടത് 20,000 കോടി രൂപയാണ്. കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ. കപ്പലിന്‍റെ നീളം 860 അടി, ഉയരം 193 അടി. 30 എയർക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം. 262 മീറ്റർ നീളമുള്ള വിക്രാന്തിന് 62 മീറ്റർ വീതിയുണ്ട്. 40,000 ടൺ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്. ഈ കപ്പലിൽ മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും.

കഴിഞ്ഞ ഓഗസ്റ്റിൽ, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറിൽ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2,300 കമ്പാർട്ട്മെന്റുകളിലായി 1,700 പേർക്ക് താമസിക്കാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്. വിക്രാന്തിന് 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയാണ് കൈവരിക്കാൻ സാധിക്കുക. ഒറ്റയടിക്ക് 7500 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ഈ വിമാനവാഹിനിയ്ക്ക് കഴിയും.

1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് തന്നെ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button