കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ വീട്ടിൽനിന്നും ദേശത്തിനകം ശ്യാമള മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന മാളു എന്ന് വിളിക്കുന്ന അൻസാഫിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കുപ്രസിദ്ധ ഗുണ്ടയായ ഇയാളെ 2017-ലും 2019-ലും കരുതൽ തടങ്കലിലാക്കിയിരുന്നു. 2020-ൽ ഇയാളെ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നെങ്കിലും ഇത് ലംഘിച്ചു. തമിഴ്നാട് പെരുംതുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലും ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും പണത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കേസിലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസിലും ഇയാൾ പ്രതിയായിട്ടുള്ളതാണന്ന് പൊലീസ് പറഞ്ഞു.
Read Also : Onam 2022: ഓണസദ്യ സ്പെഷ്യൽ കൂട്ടുകറി – റെസിപ്പി
ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവ് നൽകിയ ശിപാർശ അംഗീകരിച്ചാണ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐഎഎസ് മാളുവിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, സുനിൽകുമാർ, ബിജുരാജ്, അനീഷ് എന്നിവരാണ് മാളുവിനെ അറസ്റ്റ് ചെയ്തത്.
Post Your Comments