ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കൂട്ടുകറി. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ കൂട്ടുകറി തയാറാക്കിയാലോ? എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ:
ചേന തൊലി കളഞ്ഞ് വലുതാക്കി നുറുക്കിയത് – 1 കപ്പ്
കടല വെള്ളത്തിൽ കുതിർത്തത് – 200 ഗ്രാം
രണ്ട നേത്രക്കായ – വലുതായി അരിഞ്ഞത്.
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞപൊടി – അര ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് തണ്ട്
ഒരു വലിയ തേങ്ങ മുഴുവൻ ചിരകിയത്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
വറ്റൽ മുളക് – 5 എണ്ണം
ഉണ്ടാക്കുന്ന രീതി:
നുറുക്കിവെച്ച പച്ചക്കറികളും കടലയും മുളകുപൊടിയും മഞ്ഞപൊടിയും അരക്കപ്പ് വെള്ളം ഒഴിച്ച് ഒരു പാനിലേക്ക് മാറ്റുക. പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് അധികം ഉടഞ്ഞ് പോകാതെ, ചെറുതീയിൽ വെള്ളം വെട്ടുന്നത് വരെ വേവിച്ചെടുക്കുക. തേങ്ങയുടെ പകുതി വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട്, ബാക്കിയുള്ള തേങ്ങയും ചേർത്ത് ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. വറുത്ത തേങ്ങ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ആദ്യത്തെ പാനിൽ വെച്ച കഷണങ്ങൾ വേണ്ടതെന്ന് ഉറപ്പായാൽ അരച്ച തേങ്ങ ചേർത്തിളക്കുക. ഒന്ന് കൂടി തിളപ്പിച്ച ശേഷം, വറുത്ത തേങ്ങ അരച്ചത് കൂടി ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കറിവേപ്പില, കടുക്, വറ്റൽ മുളക് എന്നിവ ഇട്ട് മൂപ്പിച്ചെടുത്ത് നമ്മുടെ കൂട്ടുകറിയിലേക്ക് ചേർക്കുക. ശേഷം നന്നായി ഇളക്കുക. കൂട്ടുകറി തയ്യാർ.
Post Your Comments