തിരുവനന്തപുരം: കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റോട് കൂടിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) റാബീസ് വാക്സിനും റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ചിത്ര എസ് അറിയിച്ചു.
Read Also: മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കഴുത്തറുത്ത് കൊല്ലും, വധ ഭീഷണി മുഴക്കി യുവാവ്
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള ആശുപത്രികൾ തയ്യാറാക്കുന്ന വാർഷിക ഇൻഡന്റ് സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച്, സുതാര്യമായ നടപടിക്രമങ്ങളിലൂടെ ദർഘാസ് ക്ഷണിച്ചാണ് കോർപ്പറേഷൻ എല്ലാ വർഷവും വാക്സിനുകൾ സംഭരിക്കുന്നത്. കോർപ്പറേഷൻ സംഭരിച്ച് വിതരണം നടത്തുന്ന വാക്സിനുകൾക്ക് ഉത്പാദകർ സമർപ്പിക്കുന്ന കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ചു ഉറപ്പുവരുത്തി മാത്രമാണ് സംഭരണശാലകൾ വഴി വിതരണം ചെയ്യുന്നത്. വിതരണോത്തരവ് അനുസരിച്ച് വിതരണക്കാരൻ സ്റ്റോക്ക് തയ്യാറാക്കിയെങ്കിലും കസൗളിയിലെ കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ നിന്നും ബാച്ച് റീലീസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തിനാൽ വിതരണം ചെയ്തിരുന്നില്ല.
നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതിനാലും, സാധാരണ ജനങ്ങൾക്ക് പേവിഷ ചികിത്സക്കായുള്ള മരുന്നിന്റെ ലഭ്യത കുറവ് കാരണം ചികിത്സ ലഭ്യമാവാത്ത സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവാതിരിക്കുവാനും, മരുന്ന് ലഭ്യമാവാതെ ഒരു രോഗിയുടെ മരണം പോലും സംഭവിക്കാതിരിക്കുവാനും വേണ്ടിയാണ് മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
സംസ്ഥാനത്തെ അടിയന്തര സാഹചര്യം നേരിട്ടതിനാണ് കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ വെയർ ഹൗസുകളിൽ ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ എത്തിക്കുവാൻ തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് ആ ബാച്ചിലെ മരുന്നുകൾ തുടർ വിതരണം ചെയ്തത്. പ്രസ്തുത കമ്പനി ജില്ലാ വെയർ ഹൗസുകളിൽ വിതരണം ചെയ്ത എല്ലാ ബാച്ചും കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോർട്ടോട് കൂടിയാണ് കോർപ്പറേഷൻ സ്വീകരിച്ചതെന്നും എംഡി അറിയിച്ചു.
പേവിഷ ചികിത്സക്കുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോർപ്പറേഷൻ കമ്മിഷൻ മുമ്പാകെ ബോധിപ്പിച്ചതിനെ തുടർന്ന് കമ്മിഷൻ തുടർനടപടികൾ അവസാനിപ്പിച്ചതായി കെഎംഎസ്‌സിഎൽ എംഡി വ്യക്തമാക്കി.
Post Your Comments