കൊച്ചി: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശം നൽകി. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.
അതേസമയം, ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഉത്തരവ് സ്‌റ്റേ ചെയ്തത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ നിർദ്ദേശം.
Read Also: സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ
Post Your Comments