കൊല്ലം: മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. ചവറ വൈംഗേലി മുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മുരുകൻ (45) ആണ് പൊലീസ് പിടിയിലായത്. ചവറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തട്ടാശേരി എംഎൽഎ ഓഫീസിന് സമീപം ദേശീയപാതയോരത്ത് ആണ് സംഭവം. തെങ്ങുകയറ്റ തൊഴിലാളി ആയ ഇയാൾ 25 വർഷത്തിൽ അധികമായി ചവറയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ചവറ തട്ടാശേരി കണ്ണാപുള്ളിൽ മനോജ്കുമാറിനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം ദേശീയപാതയിൽ തട്ടാശേരി ഭാഗത്ത് ഉണ്ടായ വാഹനാപകടത്തെ തുടർന്ന്, റോഡിൽ ഗതാഗതതടസം നേരിട്ടിരുന്നു. ഈ സമയം മദ്യലഹരിയിൽ പ്രതി റോഡിലൂടെ വാഹനഗതാഗതം തടസ്സപ്പെടുത്തി നടക്കുന്നത് മനോജ് തടയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കൈയിൽ ഇരുന്ന കത്താൾ ഉപയോഗിച്ച് മനോജിനെ മൃഗീയമായി ആക്രമിക്കുകയായിരുന്നു.
ചവറ ഇൻസ്പെക്ടർ യു.പി വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ നൗഫൽ, ജിബി, പ്രദീപ്, എഎസ്ഐ ഗോപാലകൃഷ്ണൻ എസ് സിപിഓ മനീഷ്, സിപിഓ ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments