തിരുവനന്തപുരം: കരുതൽ ഡോസ് കോവിഡ് വാക്‌സിനായി ഇനി മുതൽ കോർബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവർക്ക് ഇനിമുതൽ അതേ ഡോസ് വാക്‌സിനോ അല്ലെങ്കിൽ കോർബിവാക്‌സ് വാക്‌സിനോ കരുതൽ ഡോസായി സ്വീകരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതൽ ഡോസായി നൽകിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിൻ പോർട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് കോർബിവാക്‌സ് വാക്‌സിനും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിനുമാണ് നൽകുന്നത്. കുട്ടികൾക്ക് കരുതൽ ഡോസില്ല. 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് സ്വീകരിക്കാമെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments