Latest NewsNewsIndia

‘സോറന്റെ വരവോടെ ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം വർദ്ധിച്ചു’: അങ്കിത കേസിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് രഘുബർ ദാസ്

ന്യൂഡൽഹി: ഝാർഖണ്ഡിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബർ ദാസ്. ജെ.എം.എം സർക്കാർ വിവേചനം കാണിക്കുകയാണെന്നും, പെൺകുട്ടി ജീവിതത്തിനും മരണത്തിനുമിടയിൽ കിടക്കുമ്പോൾ സോറന്റെ ഭരണസഖ്യം പിക്നിക്കിന്റെ തിരക്കിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിക്നിക്കിന് മുഖ്യമന്ത്രി തന്നെ വിസിൽ മുഴക്കുകയായിരുന്നുവെന്നും ദാസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യതാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയെ ഭയന്ന് സോറൻ തന്റെ എം.എൽ.എമാരെ ചത്തീസ്ഗഡിലേക്ക് കടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രഘുബർ ദാസ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നത്.

അങ്കിതയുടെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് രഘുബർ ദാസ് ആരോപിച്ചു. അമർ ഉജാലയുടെ റിപ്പോർട്ട് പ്രകാരം നൂർ മുസ്തഫക്ക് പിഎഫ്ഐ ബന്ധമുണ്ടെന്ന് ദാസ് പറഞ്ഞു. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ സംഘടനയെ നിരോധിച്ചിരുന്നുവെന്ന് പറഞ്ഞ ദാസ്, സോറൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം വർദ്ധിച്ചുവെന്നും ആരോപിച്ചു. എ.ബി.പി ന്യൂസിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്കിതയുടെ കൊലപാതകത്തിൽ പി.എഫ്.ഐയ്ക്ക് പാങ്കുണ്ടെന്നാണോ പറയുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, ‘തീർച്ചയായും അതെ’ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

Also Read:മണിപ്പൂര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കുന്നു: സർക്കാരിന് ഭീഷണിയില്ല

‘പി.എഫ്.ഐ ഉൾപ്പെട്ടിട്ടുണ്ടെന്നതിൽ സംശയമില്ല. സ്‌കൂളുകളിലെ അവധി ഞായറാഴ്ചയ്ക്ക് പകരം വെള്ളി ആക്കിയത് നിങ്ങൾ അറിഞ്ഞില്ലേ? ഇതിനെല്ലാം പിന്നിൽ പി.എഫ്.ഐ ആണ്. പി.എഫ്.ഐ.യുമായി ബന്ധമുള്ള 42 പേർ ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. പ്രദേശത്തിന്റെ ജനസംഖ്യാപരമായ മാറ്റമാണ് അവർ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശികളും റോഹിങ്ക്യകളും ധാരാളമായി അവിടെ എത്തുന്നുണ്ട്. നമ്മുടെ നിരപരാധികളായ ആദിവാസി പെൺകുട്ടികൾ അവരുടെ കെണിയിൽ വീഴുന്നു. അവർ ഭൂമിയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നു. അങ്കിതയുടെ കൊലയാളി ഷാരൂഖുമായുള്ള പി.എഫ്.ഐയുടെ ബന്ധത്തെക്കുറിച്ച് ഭരണകൂടം അന്വേഷിക്കണം. ഡിഎസ്പി നൂർ മുസ്തഫയുടെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുന്നത്’, രഘുബർ ദാസ് ആരോപിച്ചു.

അതേസമയം, അങ്കിതയെ തീകൊളുത്തി കൊന്നയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട ശ്രമങ്ങളെല്ലാം തന്റെ സർക്കാർ ചെയ്യുന്നുണ്ടെന്നായിരുന്നു ഹേമന്ത് സോറൻ പറഞ്ഞത്. ഇത്തരം സംഭവങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നിയമം കൊണ്ടുവരണമെന്നും, പ്രതിയോട് ഒരിക്കലും ക്ഷമിക്കരുതെന്നും പറഞ്ഞ് വികാരപ്രക്ഷോഭങ്ങൾ നടത്തിയ ഹേമന്ത്, തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു.

‘പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാരോട് ക്ഷമിക്കരുത്, അവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണം. ഒരുപാട് തിന്മകൾ സമൂഹത്തിൽ കണ്ടുവരുന്നു. ഈ സംഭവം ഹൃദയഭേദകമാണ്, നിയമം അതിന്റെ വഴിക്ക് നീങ്ങുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. അയാൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കാനാണ് ഞങ്ങളുടെ ശ്രമം’, ഹേമന്ത് സോറൻ പറഞ്ഞു.

അങ്കിതയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കർണി സേന അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാർച്ച് നടത്തിയിരുന്നു. ഇതിന്റെ പിന്നാലെ, മുഖ്യമന്ത്രി ഹേമന്ത് സോറൻ, പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വിമർശനങ്ങളുടെ മുന ഓടിക്കാനുള്ള സോറന്റെ തന്ത്രമായിരുന്നു ഇത്. ഇതിനെതിരെയാണ് ബി.ജെ.പി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അങ്കിത വധക്കേസിൽ ഝാർഖണ്ഡ് ഹൈക്കോടതി ഇന്നലെ ഇടപെട്ടിരുന്നു. പോലീസ് ഡയറക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും ഹൈക്കോടതി സമൻസ് അയച്ചു. കേസിൽ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് രവിരഞ്ജന്റെ ബെഞ്ച് ആവശ്യപ്പെട്ടു. അങ്കിതയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകാനും കോടതി നിർദ്ദേശിച്ചു.

ഓഗസ്റ്റ് 23 നാണ് അങ്കിതയെ പ്രതി പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചത്. പ്രതി ഷാരൂഖ് നിരന്തരം അങ്കിതയുടെ പുറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ, പക മൂത്ത ഷാരുഖ് വീട്ടിൽ കടന്നു കയറി ഉറങ്ങിക്കിടന്ന അങ്കിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിച്ചു കൊന്നു. അവളുടെ വീട്ടുകാർ സ്നേഹപൂർവ്വം ഛോട്ടി എന്ന് വിളിക്കുന്ന അങ്കിത, ശരീരത്തിൽ തീ ആളിപ്പടർന്നപ്പോൾ കരഞ്ഞുകൊണ്ട് ഓടി. അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അച്ഛനടുത്തേക്ക് അവൾ കരഞ്ഞുകൊണ്ട് ഓടി. സംഭവത്തിന് തൊട്ടുപിന്നാലെ അവളെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയെങ്കിലും ഓഗസ്റ്റ് 28 ന് മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button