പാലക്കാട്: സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ പിടികൂടി. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന ആറംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. കോട്ടയം പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ്, കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്, കൊല്ലം സ്വദേശിനി ദേവ് എന്നിവരാണ് അറസ്റ്റിലായത്.
ഗോകുലും ദേവുവും ആണ് കേസിലെ പ്രധാന പ്രതികൾ. ഇരുവരും ഭാര്യാ-ഭർത്താക്കന്മാർ ആണ്. ദേവുവിനെ മുന്നിൽ നിർത്തിയാണ് ഗോകുലും സംഘവും കെണി ഒരുക്കിയത്. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ദേവു അതിവിദഗ്ധമായാണ് വ്യവസായിയെ തന്റെ വലയിൽ വീഴ്ത്തിയത്. കെണിയിൽ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തിൽ വീണ, ഇയാൾ പാലക്കാടെത്തി.
പാലക്കാടെത്തിയ ഇയാളിൽ നിന്നും സംഘം എ.ടി.എം കാർഡ്, പണം, സ്വർണം എന്നിവ തട്ടിയെടുത്തു. വ്യവസായിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ കാറിൽ നിന്നും അതിസാഹസികമായി പുറത്തേക്ക് ചാടിയ ഇദ്ദേഹം പാലക്കാട് സൗത്ത് പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വ്യവസായി രാക്ഷപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസ് പിടിയിലാകുന്നത്. ഹണി ട്രാപ്പിന് സമാനമായ തട്ടിപ്പാണ് നടന്നത്. സംഘം മുൻപും ആരെയെങ്കിലും സമാനമായ രീതിയിൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
Post Your Comments