
മക്ക: ഒരു മാസത്തിനിടെ ഉംറ നിർവ്വഹിച്ചത് 2.68 ലക്ഷം പേർ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പകുതിയിലേറെ പേർ മദീന വഴിയാണ് സൗദിയിൽ എത്തിയത്.
പാക്കിസ്ഥാൻ സ്വദേശികളാണ് തീർത്ഥാടകരിൽ മുന്നിലുള്ളത്. രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത്. 54,000 ഇന്ത്യക്കാർ ഉംറ നിർവ്വഹിച്ചു.
അതേസമയം, അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. 2022 സെപ്തംബറിൽ അടുത്ത ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്പ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രജിസ്ട്രേഷൻ ആരംഭിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഹജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെയ്ക്കും. ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജും ഹജ് പാക്കേജുകളുടെ ഭാഗമായി ഉൾപ്പെടുത്തും. തീർത്ഥാടകർക്ക് ഫീസ് രണ്ട് തവണകളിലായി അടയ്ക്കുന്നതിന് സൗകര്യം നൽകുന്ന ഒരു പുതിയ പേയ്മെന്റ് സമ്പ്രദായമാണിത്.
Post Your Comments