ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറില്‍ ഇന്ത്യക്കായി വിജയം നേടുമ്പോൾ താന്‍ മാതൃകയാക്കിയത് മുന്‍ നായകന്‍ എം എസ് ധോണിയെ ആയിരുന്നുവെന്ന് ഓൾറൗണ്ടർ ഹര്‍ദ്ദിക് പാണ്ഡ്യ. മത്സരശേഷം ഗൗതം ഗംഭീറിനും സഞ്ജയ് ബംഗാറിനും നല്‍കിയ അഭിമുഖത്തിലാണ് അവസാന ഓവറുകളിലെ സമ്മര്‍ദ്ദം തന്നെ ബാധിച്ചിരുന്നില്ലെന്ന് പാണ്ഡ്യ തുറന്നു പറഞ്ഞത്.
പാകിസ്ഥാന്‍ ഇടം കൈയന്‍ സ്പിന്നറായ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ആദ്യ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സ്ർ പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.
‘ധോണിക്കൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ഇത്തരം നിരവധി അവസരങ്ങളില്‍ ക്രീസില്‍ ശാന്തനായി നിന്ന് ഇന്ത്യയെ ജയിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതേരീതി പിന്തുടരാനാണ് ഞാനും ശ്രമിച്ചത്. പുറത്ത് എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും അകമേ ശാന്തനായിരിക്കാനാണ് ഞാന്‍ ആദ്യം നോക്കിയത്. കാരണം, മനസ് ശാന്തമാണെങ്കിലെ ജീവിതത്തില്‍ പോലും സാഹചര്യങ്ങള്‍ വിലയിരുത്തി നമുക്ക് എല്ലായ്‌പ്പോഴും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാകു. ബാറ്റിംഗിലും അതിന് വ്യത്യാസമൊന്നുമില്ല’.
‘ആ സമയം എനിക്ക് മുന്നിലുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ശാന്തനായി ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം റണ്‍ ചേസ് തുടങ്ങിയത് പതിനഞ്ചാം ഓവര്‍ മുതലാണ്. പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ച നസീം ഷായുടെ ഓവര്‍ അവസാന അഞ്ചോവറില്‍ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ നസീം ഷായുടെ ഓവറില്‍ റണ്‍സധികം വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഞാന്‍ കണക്കുകൂട്ടി’.
Read Also:- ഏഷ്യാ കപ്പിൽ ഇന്ന് അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശ് പോരാട്ടം
‘കാരണം, അവരുടെ ഇടംകൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസിന്‍റെ ഒരോവര്‍ എറിയാന്‍ ബാക്കിയുണ്ടെന്ന് എനിക്കറിയാം. അതുപോലെ അവര്‍ ഓവര്‍ നിരക്കില്‍ പുറകിലാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ആ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാണ് ഞാന്‍ ഇന്നിംഗ്സ് പ്ലാന്‍ ചെയ്തത്’ മത്സരശേഷം ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.
Post Your Comments