
ഡൽഹി: മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ പരിശോധനയിൽ തന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് ലഭിച്ചതായും സിസോദിയ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സെക്ടർ 4 വസുന്ധരയിലുള്ള പി.എൻ.ബി ബ്രാഞ്ചിൽ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചിൽ നടത്തിയത്.
‘സി.ബി.ഐ റെയ്ഡിനിടെ എന്റെ വസതിയിൽ നിന്ന് ഒന്നും കണ്ടെത്താത്തത് പോലെ ഇന്ന് എന്റെ ബാങ്ക് ലോക്കറിൽ നിന്നും ഒന്നും കണ്ടെത്തിയില്ല. എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിൽ സന്തോഷമുണ്ട്. സി.ബി.ഐ ഉദ്യോഗസ്ഥർ ഞങ്ങളോട് നന്നായി പെരുമാറി, ഞങ്ങളും അവരോട് സഹകരിച്ചു. സത്യം ജയിച്ചു,’ മനീഷ് സിസോദിയ പറഞ്ഞു.
‘ജന്മാഷ്ടമി ദിനത്തിൽ സി.ബി.ഐ എന്റെ വീട്ടിൽ റെയ്ഡ് നടത്തി. ആഗസ്റ്റ് 19ന് നടത്തിയ റെയ്ഡിൽ ലോക്കറുകളുടെ താക്കോൽ സി.ബി.ഐ പിടിച്ചെടുത്തു. ഇന്ന് സി.ബി.ഐ ആ ലോക്കർ തുറന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്റെ ഭാര്യയുടെ 70,000 മുതൽ 80,000 രൂപ വരെയുള്ള ആഭരണങ്ങൾ മാത്രം കണ്ടെടുത്തു’ സിസോദിയ കൂട്ടിച്ചേർത്തു. സി.ബി.ഐ ഉദ്യോഗസ്ഥർ തങ്ങളുടെ ലോക്കറുകളും രേഖകളും പരിശോധിച്ചതായും എന്നാൽ, മുകളിൽ നിന്ന് ഉത്തരവുള്ളതിനാൽ അവർ തന്നെ ഉടൻ അറസ്റ്റ് ചെയ്യും,” സിസോദിയ പറഞ്ഞു.
Post Your Comments