തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ ജിഎസ്ടി ലക്കി ബിൽ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് ഇനി കെടിഡിസി റിസോർട്ടുകളിൽ ആഢംബര താമസം. ലക്കി ബിൽ ആപ്പിന്റെ ആദ്യ പ്രതിവാര നറുക്കെടുപ്പാണ് നടന്നത്. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് കെടിഡിസിയുടെ കീഴിൽ ഉള്ള തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ സ്‌കേപ്സ് റിസോർട്ട്, മൂന്നാർ ടീ കൗണ്ടി ഹിൽ റിസോർട്, തേക്കടി ആരണ്യ നിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് ആൻഡ് ഐലന്റ് റിസോർട്ട് എന്നിവിടങ്ങളിലാണ് സൗജന്യ താമസ സൗകര്യം ലഭിക്കുന്നത്.
Read Also: തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാൻ ഓൺലൈൻ സേവനവുമായി ഖത്തർ
വിജയികൾക്ക് രണ്ട് രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന താമസ സൗകര്യമാണ് സമ്മാനമായി ലഭിക്കുന്നത്. വിജയികൾ ലക്കി ബിൽ ആപ്പിലെ റിവാർഡ് വിഭാഗത്തിൽ ലഭിച്ച സന്ദേശത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പരിലോ, ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് താമസം ബുക്ക് ചെയ്യണം.
പ്രതിദിന നറുക്കെടുപ്പിൽ ഇതുവരെ വിജയികളായവർക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഏതാനും ദിവസത്തിനുള്ളിൽ വിജയികളായവരുടെ മേൽ വിലാസത്തിൽ ലഭിച്ച് തുടങ്ങും. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി ലഭിക്കുന്നത്. 10 ലക്ഷം രൂപ ഒന്നാം സമ്മാനം ഉള്ള പ്രതിമാസ നറുക്കെടുപ്പ് സെപ്തംബർ ആദ്യവാരത്തിൽ നടക്കും. ഓണത്തോട് അനുബന്ധിച്ച് 25 ലക്ഷം രൂപ സമ്മാനം നൽകുന്ന ബംബർ നറുക്കെടുപ്പും നടക്കും.
Post Your Comments