ദോശ കേരളീയരുടെ ഇഷ്ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യാവുന്ന ദോശ സാധാരണ ദോശയെക്കാള്‍ രുചികരവും വ്യത്യസ്തതയും പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇന്നെന്തായാലും നമുക്ക് നോൺവെജ് ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് – 2 കപ്പ്
ചുവന്ന ഉള്ളി – 1 (നന്നായി അരിഞ്ഞത്)
മഞ്ഞപൊടി – അര ടീസ്പൂണ്‍
പച്ചമുളക് – 4 (നന്നായി അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – അര ടീസ്പൂണ്‍
ദോശ മാവ് – ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂണ്‍
തയ്യാറാക്കേണ്ട വിധം
ചിക്കനില്‍ മുളകുപൊടി, മഞ്ഞപൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈ ചെയ്യുക. ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കന്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്സ് ചെയ്യുക. ശേഷം പാനിൽ മാവ് ഒഴിച്ച് ദോശ ചുടുക. അതിനുമുകളിൽ ഫ്രൈ ചെയ്ത് വെച്ച ചിക്കൻ നിറയ്ക്കുക. ദോശ പാകമാകുമ്പോൾ എടുക്കുക.
Post Your Comments