തിരുവല്ല: വീട്ടമ്മയെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ അയവാസി അറസ്റ്റിൽ. കാരയ്ക്കല്‍ മാധവച്ചേരില്‍ വടക്കേതില്‍ വീട്ടില്‍ തമ്പിയുടെ ഭാര്യ അമ്മിണി വര്‍ഗീസി (65) നാണ് കുത്തേറ്റത്. അമ്മിണിയുടെ അയല്‍വാസിയായ കുഴിയില്‍ പുത്തന്‍വീട്ടില്‍ സജി(54)യാണ് അറസ്റ്റിലായത്. പുളിക്കീഴ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. സംഭവസമയം അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭര്‍ത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയില്‍ കടന്നു കയറിയ സജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഭര്‍ത്താവും അയല്‍വാസികളും ഓടി എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മിണിയെ കണ്ടു. ഇതോടെ സജി സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു.
Read Also : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി
ഗുരുതര പരിക്കേറ്റ അമ്മിണിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം, സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് വീടിനു സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments