തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായ അക്രമ സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കഴിഞ്ഞ ദിവസമാണ് അക്രമണമുണ്ടായത്. തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്. ഏകപക്ഷീയമായ അക്രമങ്ങളാണ് ആർഎസ്എസ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ വികസന പ്രവർത്തനങ്ങൾ തടയുന്ന നടപടികൾക്കെതിരായി എൽഡിഎഫ് നടത്തിയ ജാഥക്ക് നേരെയും അക്രമമുണ്ടായി. വനിതാ കൗൺസിലർക്ക് നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. വട്ടിയൂർക്കാവ്, നെട്ടയം ഭാഗങ്ങളിൽ പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം ഉണ്ടായി. മണികണ്ഠേശ്വരത്ത് അക്രമം നടന്ന സ്ഥലം സന്ദർശിക്കാൻ പോയ ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെയും ആർഎസ്എസ് അക്രമം നടത്തുകയുണ്ടായി.
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായത്. ഈ സാഹചര്യത്തിൽ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന പരിശ്രമമാണ് ആർഎസ്എസ് ലക്ഷ്യംവെക്കുന്നതെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Post Your Comments