ജമ്മു കശ്മീർ: അതിർത്തിയിൽ വധിച്ച ഭീകരരിൽ നിന്ന് കണ്ടെത്തിയത് ചൈനീസ് ആയുധങ്ങൾ. നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സെക്ടറിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരരിൽ നിന്നാണ് ചൈനീസ് മോഡൽ ആയുധങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിൽ ചൈനീസ് എം 16 (9 എംഎം) റൈഫിൾ കണ്ടെടുത്തു. ഇതാദ്യമായാണ് ചൈനയുടെ വെടിമരുന്ന് സൈന്യം വീണ്ടെടുക്കുന്നത്. ഇത് ഒരു അസാധാരണമായ സംഭവമാണെന്ന് സൈന്യം വിലയിരുത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഉറി സെക്ടറിൽ നടത്തിയ ഓപ്പറേഷനിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ചിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്നത് ചൈനീസ് നിർമിത ആയുധങ്ങൾ ആയിരുന്നു. പാക് സൈനികരിൽ നിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് ഗൗരവമായ കാര്യമാണെന്നും അപ്രതീക്ഷിതമാണെന്നും സൈന്യം അറിയിച്ചു. എകെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം–16 തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പാക് ഭീകരരിൽ നിന്ന് കണ്ടെടുത്തത്.
‘എം 16- ചൈനീസ് റൈഫിൾ കണ്ടെടുത്തത് അസാധാരണമായ സംഭവമാണ്. ഈ റൈഫിൾ 9 എംഎം കാലിബർ ആയുധമാണ്, മുൻകാല രേഖകൾ പരിശോധിക്കുന്നത് വരെ അതിനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും പറയുന്നത് ഊഹക്കച്ചവടമായിരിക്കും’, ഇന്ത്യൻ ആർമിയിലെ ഗോസി 19 ഡിവി, അജയ് ചന്ദ്പുരിയ പറഞ്ഞു.
24 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനിൽ 02 AK-47 റൈഫിളുകൾ, 01 ചൈനീസ് റൈഫിൾ M-16 (9mm), 07 AK-47 മാഗസിനുകൾ, 192 റൗണ്ട് AK-47, 02 M-16 (9mm) മാഗസിനുകൾ, 30 റൗണ്ടുകൾ 9mm, 01 പാകിസ്ഥാൻ അടയാളപ്പെടുത്തിയ ബാഗ് എന്നിവ കണ്ടെടുത്തു. ഇതോടൊപ്പം, വെടിക്കോപ്പുകളും, 03 വെടിമരുന്ന് പൗച്ചുകൾ, 04 സിഗരറ്റ് പാക്കറ്റുകൾ, 11 ആപ്പിളുകൾ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഭീകരരെ വധിച്ചതിന് പിന്നാലെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദില്ലിയിൽ സുരക്ഷാ വിലയിരുത്തൽ യോഗം ചേർന്നു. ലഫ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാൻ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.
Post Your Comments