മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കും. സ്വര്‍ണവുമായെത്തിയ കാരിയറുമായും തട്ടിക്കൊണ്ടു പോവാനെത്തിയ സംഘവുമായും അര്‍ജുന്‍ ആയങ്കി തുടര്‍ച്ചയായി ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചു. കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും മലപ്പുറം എസ്പി എസ് സുജിത് ദാസ് വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് നടപടി. കണ്ണൂര്‍ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരെയാണ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫലും അറസ്റ്റിലായിട്ടുണ്ട്. വയനാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നൗഫല്‍ പിടിയിലായത്. നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകക്കെടുത്ത് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. യുവജന ക്ഷേമ കമ്മീഷന്‍ വെമ്പായം പഞ്ചായത്ത് കോഡിനേറ്റര്‍ ആണ് നൗഫല്‍ എന്നും പൊലീസ് പറഞ്ഞു. കേസില്‍ സിപിഐഎം നഗരസഭ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയതിനിടയിലാണ് അര്‍ജുന്‍ ആയങ്കി പയ്യന്നൂരില്‍ ഒളിവില്‍ ഉള്ളതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടത്തിയ സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ പദ്ധതി.
അര്‍ജ്ജുന് കണ്ണൂര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തികൊണ്ട് പൊലീസ് ചുമത്തിയ കാപ്പ കഴിഞ്ഞയാഴ്ച്ചയാണ് നീക്കിയത്. അതിനിടെയാണ് അറസ്റ്റ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണി അര്‍ജ്ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണം നടന്നിരുന്നുവെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments