കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇവർ അച്ഛനേയും കൊല്ലാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അറിയാതെ, ഇന്ദുലേഖ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി വായ്പ്പ എടുത്തിരുന്നു. എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്‌ക്ക് ഉണ്ടായിരുന്നു.
കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിലെത്തി. സ്വർണ്ണാഭരണങ്ങൾ എവിടെയാണെന്ന് ഭർത്താവ് തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇതോടെയാണ് അച്ഛന്റേയും അമ്മയുടേയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുത്ത് ബാധ്യത തീർക്കാൻ ഇവർ പദ്ധതി ഇട്ടത്. ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടം നടത്തുന്നയാളാണ് ചന്ദ്രൻ. എലിവിഷം ഉള്ളിൽ ചെന്നതോടെ അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ദുലേഖ കൂടി ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതേത്തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ഇന്ദുലേഖയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്തി. കൂടാതെ, ഇന്ദുലേഖ അമ്മയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചന്ദ്രനും പോലീസിന് മൊഴി നൽകി. തുടർന്ന് ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോൾ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഫോണിൽ തിരഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
Post Your Comments