ചാന്തുപൊട്ടിലെ ദിലീപിന്റേത് ഐക്കോണിക്ക് പെർഫോമൻസ് ആണെന്ന് നടൻ പൃഥ്വിരാജ്. മികച്ച നടന്റെ ഐക്കോണിക്ക് ആയ പെർഫോമൻസ് ആണ് ചാന്തുപൊട്ടെന്ന് പൃഥ്വിരാജ് പറയുന്നു. തീർപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലൊരു ഗ്രേറ്റ് നടനാണ് താനെന്നും, അത്തരമൊരു ഐക്കോണിക്ക് പെർഫോമൻസ് തനിക്ക് ഉണ്ടെന്ന് ഒരിക്കലും താൻ അവകാശപ്പെടില്ലെന്നും പൃഥ്വിരാജ് പറയുന്നു. തന്റെ കരിയറിൽ ഭാവിയിൽ അതുപോലെയുള്ള കഥാപാത്രം ഉണ്ടാകട്ടെ എന്നാണ് ആഗ്രഹമെന്നും പൃഥ്വി പറഞ്ഞു.
അതേസമയം, കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഇന്നുമുതൽ തിയേറ്ററുകളിൽ. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപി ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം.
Post Your Comments