ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന 5ജി യുഗത്തിലേക്ക് ഇന്ത്യ മാറുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവ ഈ മാസം അവസാനത്തോട് കൂടി 5ജി സര്‍വീസ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 29ന് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (ഐഎംസി) ഉദ്ഘാടന വേളയില്‍ 5ജി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ 5ജി എത്രയും വേഗം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. 5ജിയുടെ വേഗത 4ജിയേക്കാള്‍ 10 മടങ്ങ് അധികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് ഘട്ടംഘട്ടമായി 5ജി സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍, തിരഞ്ഞെടുത്ത 13 നഗരങ്ങളില്‍ മാത്രമേ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കൂ. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി പ്രവര്‍ത്തനം തുടങ്ങുക. എന്നാല്‍ ഈ നഗരങ്ങളിലെ എല്ലാവര്‍ക്കും 5ജി സേവനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ചേക്കില്ല. ടെലികോം കമ്പനികള്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ആദ്യം 5ജി സേവനം നല്‍കുക. അതിനാല്‍ ഈ നഗരങ്ങളില്‍ എല്ലാവരിലേക്കും 5ജി സേവനം എത്താന്‍ കാലതാമസം ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.
Post Your Comments