തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്തംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. 1070 സിഡിഎസ് ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉൾപ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളയുടെ തയ്യാറെടുപ്പുകൾ, സംഘാടനം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഓണത്തോടനുബന്ധിച്ച് ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഡിഎസ് വിപണന മേളകൾക്കാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്. ഇതോടൊപ്പം ജില്ലാതല ഓണം വിപണന മേളകളും ഉണ്ടാകും. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഓണച്ചന്തകൾ നടത്താനാണ് നിർദ്ദേശം. ഗ്രാമ സിഡിഎസുകൾക്കൊപ്പം നഗര സിഡിഎസുകളും ഓണച്ചന്തകളുടെ സംഘാടനത്തിൽ സജീവമാകും.
ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരുൽപന്നമെങ്കിലും വിപണന മേളകളിൽ എത്തിച്ചു കൊണ്ട് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും.
ജില്ലാ പ്രോഗ്രാം മാനേജർമാർ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റമാർ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂർണ പങ്കാളിത്തവും ഓണച്ചന്തയിൽ ഉറപ്പാക്കും. ഓരോ സിഡിഎസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിംഗ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. മാർഗനിർദ്ദേശ പ്രകാരം ഓണച്ചന്തകളുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങൾ, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങൾ എന്നിവയും ഉടൻ പൂർത്തീകരിക്കും. കൂടാതെ ജില്ലകളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.
Read Also: ഇറക്കുമതി- കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments