പത്തനംതിട്ട: വീട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സ്വർണ്ണമാലയുടെ തിളക്കം കൂട്ടി തരാമെന്ന് പറഞ്ഞ് ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടുസാധനങ്ങളുമായി വിൽപ്പന നടത്താനെത്തിയവരാണ് വീട്ടമ്മയുടെ മാല മാറ്റി നൽകിയത്.
സംഭവം ഇങ്ങനെ,
ഇന്നലെ രാവിലെ 9.30ഓടെ കലഞ്ഞൂർ കാഞ്ഞിരമുകളിലാണ് സംഭവം. ഓട്ടുവിളക്കുകൾ വെളുപ്പിക്കുന്നതിനും മറ്റുമുള്ള ലോഷനുമായിട്ടാണ് രണ്ട് യുവാക്കൾ ഇവരുടെ വീട്ടിലെത്തിയത്. ഓട്ടുവിളക്കുകൾക്കും പാത്രങ്ങൾക്കും പുറമെ സ്വർണ്ണമാലയുടേയും തിളക്കം കൂട്ടാനുള്ള സംവിധാനവും തങ്ങളുടെ കൈവശം ഉണ്ടെന്ന് ഇവർ അവകാശപ്പെട്ടു.
ഇത് പ്രകാരം വീട്ടമ്മയുടെ മാല വാങ്ങി ഒരു ദ്രാവകത്തിൽ ഇട്ട് വച്ചതിന് ശേഷം തിരികെ നൽകി. ഒരു മണിക്കൂർ കഴിയുമ്പോൾ മാലയിൽ മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും തേച്ച് വയ്‌ക്കണമെന്നും ഇവർ പറഞ്ഞു. തൊഴിലാളികൾ പോയി കുറേ നേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് മാല പലയിടത്തും പൊട്ടുകയും പൊടിയുകയും ചെയ്തിട്ടുള്ളതായി മനസിലായത്.
തട്ടിപ്പ് മനസിലാക്കി തൊഴിലാളികളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയത്തിനുള്ളിൽ യുവാക്കൾ സ്ഥലം വിട്ടിരുന്നു. വിവരമറിഞ്ഞ് പോലീസും പരിസര പ്രദേശങ്ങളിലുൾപ്പെടെ പരിശോധന നടത്തിയിരുന്നു.
Post Your Comments