Latest NewsKerala

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി ലോഡ്ജിൽ മരിച്ച നിലയിൽ

കൊച്ചി: പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കോടിശേരി വീട്ടിൽ സിപ്‌സിയെ (42) യാണ് നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഹൃദയാഘാതമാണ്‌ സിപ്‌സിയുടെ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു.

ഇന്നലെ പുലർച്ചെയാണ് സിപ്‌സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പൊലീസ് പരിശോധന നടത്തി. ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

മാർച്ച് ഒമ്പതിനാണ് സിപ്‌സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നോർത്തിലെ ലോഡ്ജിൽ താമസിക്കെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി. അസ്വാഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button