കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോഴേ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നര വയസുകാരിയായ കുഞ്ഞിനെ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെയും കൊണ്ട് മുത്തശ്ശി കലൂരിലെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയത്. ഉടന്‍ തന്നെ ഹോട്ടലുകാര്‍ ആശുപത്രിയിലേക്കും കുഞ്ഞിനെ കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
തുടര്‍ന്ന്, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശ്വാസകോശത്തില്‍ അടക്കം വെള്ളം കയറിയെന്ന കാര്യം വ്യക്തമായി. തുടർന്ന് പൊലീസ് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്.
അങ്കമാലി സ്വദേശിനിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ ജോലി സംബന്ധമായ ആവശ്യവുമായി വിദേശത്താണ്. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. കാഴ്ചയില്‍ പ്രായ വ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.
കുഞ്ഞിന്‌റെ മരണത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതേക്കുറിച്ചു വിശദമായി അന്വേഷിച്ചു വരുകയാണ് പൊലീസ്. ബിനോയിക്ക് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കാര്യം. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ മുത്തശ്ശിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. വിദേശത്തുള്ള കുഞ്ഞിന്റെ മാതാവും കൊച്ചിയില്‍ എത്തി. ഇവര്‍ക്കൊപ്പം മൂത്ത മകനെ പറഞ്ഞു വിട്ടിരിക്കയാണ്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടര്‍ന്ന് ഒരു വര്‍ഷമായി ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം.
കുഞ്ഞിന്റെ മുത്തശ്ശി സിപ്‌സിയുമായി ബിനോയിക്കു സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നാണ് ഇവരുടെ മൊഴി. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ, ഈ സുഹൃത്തിന്റെ സുഹൃത്തുമായി, തര്‍ക്കം ഉണ്ടായെന്നും പറയുന്നു. കുഞ്ഞു മരിക്കുമ്പോള്‍ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോണ്‍ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോള്‍ നെറുകയില്‍ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടല്‍ മുറിയിലേയ്ക്ക് എത്തിയ ഇവര്‍ ജീവനക്കാരോട് കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോള്‍ തോളില്‍ അബോധാവസ്ഥയില്‍ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.
കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാല്‍, സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
Post Your Comments