മലപ്പുറം : കൊണ്ടോട്ടിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂർ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്‌തു. ആക്രമണത്തിനിടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റു. യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോണ്‍ ചെയ്‌ത് യുവതിയുടെ വീട്ടിൽ അറിയിച്ചത്. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച് യുവതിയുടെ വീട്ടുകാർ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.
2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദ്ദനം ആരംഭിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.
Post Your Comments