KeralaLatest NewsNews

അഭിമാന നേട്ടം: 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്എടി ആശുപത്രി (സ്‌കോർ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറൽ ആശുപത്രി (96.41), എറണാകുളം ജനറൽ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂർ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.

Read Also: ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ പങ്ക് മനസിലാക്കാം

കൂടുതൽ ആശുപത്രികളുടെ പരിശോധനയും സർട്ടിഫിക്കേഷനും നടന്നു വരുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് സർട്ടിഫിക്കേഷൻ നൽകിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ നടത്തിയാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. സംസ്ഥാന തലത്തിൽ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സർട്ടിഫിക്കേഷൻ നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലയിലെ പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങൾ തയ്യാറാക്കി. ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ മുന്നോട്ട് വച്ചിട്ടുള്ള ആശയങ്ങൾ ഏകോപിപ്പിച്ചുള്ള ക്വാളിറ്റി സ്റ്റാന്റേഡുകൾ അനുസരിച്ചുള്ള സർട്ടിഫിക്കേഷനാണ് നൽകുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: നമ്പി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ, അബ്ദുള്‍കലാമിനെ തിരുത്തിയെന്നത് നുണ: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button