തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത ശേഷം ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തവർക്കാണ് ബോർഡിൽ നിന്നും ധനസഹായം ലഭിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 16,105 അപേക്ഷകളിലായി 137.07 കോടി രൂപ ബോർഡിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, അംഗ സംഘങ്ങളുടെ പുനരുദ്ധാരണ വായ്പാ പദ്ധതി പ്രകാരം 26 സഹകരണ സംഘങ്ങൾക്കായി 24.48 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇതിൽ, തൃശൂരിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച 10 കോടിയും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റിസ്‌ക് ഫണ്ട് മരണാനന്തര ധനസഹായം രണ്ടു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം രൂപയാക്കി ഉയർത്തുന്നതിന് ചികിത്സാ ധനസഹായം ഒരു ലക്ഷത്തിൽ നിന്ന് 1.25 ലക്ഷമാക്കി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഒരു വായ്പക്കാരൻ ഇതര സംഘങ്ങളിൽ നിന്നോ ഒരു സംഘത്തിൽ നിന്നോ എടുക്കുന്ന എല്ലാ വായ്പകളിലുമായി അനുവദിച്ചു പോരുന്ന മരണാനന്തര ധനസഹായം അഞ്ച് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments