ന്യൂഡല്‍ഹി: റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന് പരിശീലനം ലഭിച്ചത് തുര്‍ക്കിയില്‍ നിന്നാണെന്ന് വിവരം. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടതെന്നുമാണ് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥരോട് ഭീകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകരന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗത്തിന്റെ സിഎസ്ഒ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 30 കാരനായ അസമോവ് മഷഹോന്ത് ആണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരിയിലാണ് താന്‍ റഷ്യയിലേക്ക് പുറപ്പെട്ടതെന്ന് അസമോവ് വീഡിയോയില്‍ പറയുന്നു. ഇന്ത്യയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് റഷ്യയിലേക്ക് വന്നത്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും അവിടെ നിന്നും ലഭിക്കുമെന്ന് സംഘടന നിര്‍ദ്ദേശിച്ചിരുന്നു. ചിലര്‍ നേരിട്ട് കാണുമെന്നും സ്ഫോടക വസ്തു ഉള്‍പ്പെടെ ആവശ്യമായവയെല്ലാം എത്തിക്കുമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇന്ത്യ പ്രവാചകനെ അപമാനിച്ചവരാണ്. അതിനാല്‍ ഭീകരാക്രമണം നടത്തി രാജ്യത്തെ നശിപ്പിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവശ്യപ്രകാരം ഈ കര്‍മ്മം തനിക്ക് നിറവേറ്റേണ്ടിയിരിക്കുന്നുവെന്നും അസമോവ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ അസമോവ് മദ്ധ്യേഷ്യന്‍ സ്വദേശിയാണെന്നാണ് വ്യക്തമായിട്ടുള്ളത്. റഷ്യയില്‍ എത്തുന്നതിന് മുന്‍പായി ഇയാള്‍ ഏപ്രില്‍ മുതല്‍ മെയ് വരെ തുര്‍ക്കിയില്‍ താമസിച്ചിരുന്നു. ഇവിടെവെച്ചാണ് അസമോവിനെ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനായി നിയോഗിച്ചത്. ഇതിന് ശേഷം ഒരിക്കല്‍ ഇസ്താംബൂളില്‍വെച്ച് ഭീകര നേതാക്കളുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ടെലിഗ്രാം മുഖേനയാണ് ഇയാള്‍ മറ്റ് ഭീകരരുമായി ആശയവിനിമയം നടത്തുന്നതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments