കൊച്ചി: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തു. വൈപ്പിനിലെ ഓഫീസാണ് പ്രവർത്തകർ അടിച്ചു തകർത്തത്. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. അക്രമത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിക്കും, ലോക്കൽ സെക്രട്ടറിക്കും പരുക്കേറ്റു.
ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐയും കോൺഗ്രസും നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും സി.പി.എമ്മും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്കായിരുന്നു കൂടുതൽ സീറ്റുകൾ ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സിപിഎം നടത്തിയ പ്രകടനത്തിനിടയിലാണ് സിപിഐ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം നേതാക്കളെ ആക്രമിക്കുകയും, കസേരകൾ തല്ലി തകർക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും, ഫ്ലക്സും നശിപ്പിച്ചു.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
സി.പി.ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്. പോലീസ് എത്തിയാണ് ഇവരെ സ്ഥലത്തു നിന്നും ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ജീപ്പിൽ ഇരിക്കുമ്പോഴും സി.പി.എമ്മുകാർ ആക്രമിച്ചതായി ഇവർ ആരോപിച്ചു. സിപിഐ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ സംഭവം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടേക്കും.
Post Your Comments