KeralaLatest NewsNews

‘പദവി രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ചുണയുണ്ടോ?’: ഗവർണറെ വെല്ലുവിളിച്ച് എസ്. സുദീപ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജ് എസ് സുദീപ്. യഥാർത്ഥ പ്രതിപക്ഷം താനാണെന്ന് ഗവർണർക്ക് തോന്നുന്നുണ്ടെങ്കിൽ പദവി രാജിവെച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തന്റെ കഷണ്ടിത്തലയുടെ ഫോട്ടോ എടുക്കാൻ ഒരുത്തനെ സ്ഥിരമായി നിയമിച്ചത് ആരിഫ് ഖാനാണ്. സംഘപരിവാറുകാരനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതും അയാൾ തന്നെ. നമ്മുടെ പണമെടുത്താണ് അയാൾ ഇതൊക്കെ ചെയ്യുന്നത്. കടമ്മനിട്ട ചാക്കാലയിൽ പറയുന്നതു പോലെ പിന്നെയും പലതും ചെയ്തു അയാൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരള സർവകലാശാലയെക്കൊണ്ട് ഡി ലിറ്റ് നൽകാൻ ശ്രമിച്ചു നോക്കി പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ അയാൾ ആദ്യം വിസമ്മതിച്ചു. വിവാദങ്ങൾക്കൊടുവിൽ സഭ വിളിച്ചു കൂട്ടാൻ തയ്യാറായി. സഭ പ്രമേയം പാസാക്കിയത് ഐകകണ്ഠ്യേനയാണ്. ബിജെപി അംഗമായ ഒ രാജഗോപാൽ പോലും എതിർത്തില്ലെന്നോർക്കണം.

പിന്നീട് കർഷക സമരത്തിനു മുമ്പിൽ മോദിക്കു കീഴടങ്ങേണ്ടി വന്നതും കർഷക നിയമങ്ങൾ അപ്പാടെ പിൻവലിക്കേണ്ടി വന്നതും ചരിത്രം.
അതിനു മുമ്പ് കേള നിയമസഭ പൗരത്വ നിയമസഭ പാസാക്കിയ ഭേദഗതിയെ ചോദ്യം ചെയ്തു നോക്കി അയാൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ നേരവും അയാൾ ഇടങ്കോലിട്ടു നോക്കി. കോടതിയെ സമീപിക്കാൻ അയാളുടെ അനുമതി വേണമെന്ന വിവരക്കേട് പറഞ്ഞു നോക്കി. അതു വിലപ്പോയില്ല. കണ്ണൂർ വൈസ് ചാൻസലറുടെ പുന:നിയമനത്തിൽ കുറേ വിവാദമുണ്ടാക്കി നോക്കിയതാണ്. നിയമനം ശരിയാണെന്നു കോടതി കണ്ടു. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാൻസലർ കൂടിയായ ഗവർണറെ കോടതിയിൽ ചോദ്യം ചെയ്യുമെന്നു കണ്ണൂർ വിസി പറഞ്ഞതോടെ ആരിഫ് ഖാന്റെ ശേഷിക്കുന്ന സമനില കൂടി നഷ്ടമായിരിക്കുകയാണ്. ചാൻസലർ രാജാവൊന്നുമല്ല. ഇവിടെ രാജഭരണവുമല്ല. ചോദ്യം ചെയ്യാൻ വിസിക്ക് അവകാശമുണ്ട്. ഏതു സർവീസ് മാറ്ററിലും കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരെ കോടതിയിൽ ചോദ്യം ചെയ്യാം. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഭരണപരമായ തീരുമാനങ്ങളെ കോടതിയിൽ ഹർജി നൽകി ചോദ്യം ചെയ്യാൻ ഒരു മജിസ്ട്രേറ്റിന് അവകാശമുണ്ട്.

ഡിജിപിക്കെതിരെ ഒരു സിവിൽ പൊലീസ് ഓഫീസർക്കു കോടതിയിൽ സർവീസ് സംബന്ധമായി ചോദ്യം ചെയ്യാം. പിന്നെയാണോ ഒരു ചാൻസലറെ ചോദ്യം ചെയ്യാൻ പറ്റാത്തത്! ഞാനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണ്. അതിനിവിടെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുണ്ട്. പിൻവാതിൽ വഴിയും ഓടു പൊളിച്ചും അഞ്ചു രാഷ്ട്രീയ പാർട്ടികൾ നിരങ്ങിയും കവടിയാറിലെത്തിയവരല്ല ഭരണം നടത്തേണ്ടത്.
ഉപരാഷ്ട്രിപദം കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ഖാന്. വാർദ്ധക്യത്തിന്റെ മതിഭ്രമങ്ങളാണ്. താനാണ് യഥാർത്ഥ പ്രതിപക്ഷമെന്ന് ഖാനു തോന്നുന്നെങ്കിൽ ഗവർണർ പദവി രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തു മത്സരിക്കണം. ചുണയുണ്ടോ, മിസ്റ്റർ ഖാൻ?

shortlink

Related Articles

Post Your Comments

Related Articles


Back to top button