തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും പ്രതികളുടെ തുമ്പ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് അവസാനിപ്പിക്കുകയാണെന്ന് അനേഷണ സംഘം അറിയിച്ചിരുന്നു. എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പോലും കണ്ടെത്താൻ കഴിയാത്തത് സർക്കാരിന് വലിയ നാണക്കേടിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ, പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ സർക്കാരിനെ പരിഹസിച്ച് സോഷ്യൽ മീഡിയ.
ആക്രമണം നടന്ന് 50 ദിവസം പിന്നിടുന്ന ഇന്ന് ദിനാചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പേജ്. എകെജി സെന്റർ ആക്രമണത്തിന്റെ ഓരോ ദിവസത്തെയും അപ്ഡേറ്റ് അറിയാനുള്ള പേജ് എന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ഡെയിലി അപ്ഡേറ്റ്സ് എകെജി സെന്റർ കേസ് എന്ന പേജാണ് ദിനാചരണവും മീം മത്സരവും പ്രഖ്യാപിച്ചിരിക്കുന്നത്. മീം മത്സരത്തിൽ വിജയിക്കുന്ന മൂന്ന് പേർക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര നിബന്ധനകളും പേജില് വിശദമായി നൽകിയിട്ടുണ്ട്. ഒന്ന്, യോജിച്ച ഒരു ‘കിട്ടിയില്ല’ മീം തയ്യാർ ആക്കുക. രണ്ട്, മീം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയ്യുക. എന്നാണ് പേജിൽ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതികളെ പിടിക്കാത്തതിനെ പരിഹസിച്ച് കിട്ടിയോ എന്ന വാചകം ഉപയോഗിച്ച് മീമുകൾ പോസ്റ്റ് ചെയ്താണ് പേജ് ശ്രദ്ധ നേടിയത്.
അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ആരോപണമുയർന്ന തട്ടുകടക്കാരന് ബന്ധമില്ലെന്ന് വ്യക്തമാക്കിയ അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപവും തെറ്റെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞയാളെ പിടികൂടാത്തത് ആക്രമണത്തിന് പിന്നില്‍ സി.പി.എം ആയതിനാലാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപിക്കുന്നത്. അതിന് വഴിവച്ചത് ആക്രമണ സമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധമായിരുന്നു. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു.
Post Your Comments