തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് സെപ്റ്റംബര്‍ ആദ്യ വാരം 3000 രൂപ വീതം അഡ്വാന്‍സ് വിതരണം ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിര്‍വ്വഹിച്ചവര്‍ക്ക് മാത്രമാണ് അഡ്വാന്‍സ് തുക നൽകുന്നത്. ഈ തുക പിന്നീട് ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നും സ്വിഫ്റ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.
അഡ്വാന്‍സായി നല്‍കുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാന്‍ അനുമതി നല്‍കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് ഓണം അഡ്വാന്‍സ് ലഭിക്കുക. ഇവര്‍ ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന മെയില്‍ വിലാസത്തില്‍ സത്യവാങ്മൂലം സമർപ്പിക്കണം. 2022 ജൂലൈ 31നോ അതിന് മുമ്പോ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് ഓണം അഡ്വാന്‍സ് നല്‍കുക. ഒക്ടോബറിലെ ശമ്പളം മുതല്‍ അഞ്ച് തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുയെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി
അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ പ്രതിസന്ധി തുടരുകയാണ്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം അമര്‍ഷം അറിയിച്ച ഹൈക്കോടതി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയ ശേഷം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളുടെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി.
അതേസമയം, തൊഴില്‍ മന്ത്രിയും ഗതാഗത മന്ത്രിയും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നതിലും തീരുമാനമുണ്ടായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകള്‍ പിന്തുണ അറിയിച്ചില്ല. സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് 60 വര്‍ഷം പഴക്കമുള്ള നിയമം വെച്ചുള്ള സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമാണെന്നാണ് യൂണിയനുകളുടെ ആരോപിച്ചു. ഇതേതുടർന്ന്, വീണ്ടും ചര്‍ച്ച തുടരാനാണ് നീക്കം. ഇതിനിടെയാണ് ഹൈക്കോടതി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്.
Post Your Comments