KeralaLatest NewsNews

ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിൾ കളക്ഷൻ സെന്ററും ടെസ്റ്റ് റിസൾട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാൽ ആശുപത്രിയിലെ വിവിധ ബ്ളോക്കുകളിലെ രോഗികൾക്ക് അവരവരുടെ പരിശോധന ഫലങ്ങൾ അതാത് ബ്ലോക്കുകളിൽ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈൽ ഫോണുകളിലും പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒ.പി രജിസ്ട്രേഷൻ സമയത്തോ ലാബിൽ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലിൽ ഒരു ലിങ്ക് വരും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ്, ആർ.ജി.സി.ബി, എ.സി.ആർ എന്നീ ലാബുകളിലെ പരിശോധന ഫലങ്ങൾ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസൾട്ട് കൗണ്ടറിൽ നിന്നും 24 മണിക്കൂറും ലഭ്യമാണ്. ആശുപത്രിയിൽ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങൾ അവരവരുടെ വാർഡുകളിൽ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഈ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നത്. ഇ-ഹെൽത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോൾ തന്നെ തുടർചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു.

മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിലെ സീനിയർ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്ന ടീമാണ് മേൽനോട്ട സമിതി. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. മെഡിക്കൽ കോളേജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കൾക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിൽ ഇതുംകൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button