
ഹരാരെ: ഇന്ത്യ-സിംബാബ്വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഹരെയില്‍ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്. ആദ്യ ഏകദിനത്തിൽ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും പുറത്താകാതെ അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.
സിംബാബ്വേ ഉയർത്തിയ 189 വിജയ ലക്ഷ്യം ഇന്ത്യ 30 ഓവറില്‍ മറികടന്നു. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ സാഹചര്യത്തിൽ ഇന്ന് ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കെ എല്‍ രാഹുലിന് പരിശീലനം ആവശ്യമായതിനാല്‍ ഓപ്പണിംഗില്‍ തിരിച്ചെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിച്ച് മലയാളി താരം സഞ്ജു സാംസണെ ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ടി20 ടീമിന്റെ ഭാഗമല്ലാത്ത ശിഖര്‍ ധവാന് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഓപ്പണിംഗിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ സഞ്ജുവിനെ ഓപ്പണിംഗില്‍ പരീക്ഷിക്കാവുന്നതാണെന്നാണ് ഒരു വാദം.
Read Also:- അമിതവണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്!
ആദ്യ മത്സരം ജയിച്ച ഇന്ത്യൻ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാവില്ലെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയില്ലെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ട സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനവും വിലയിരുത്തപ്പെടും. ആദ്യ മത്സരത്തില്‍ മൂന്ന് പേസര്‍മാരും മികവ് കാട്ടിയതിനാല്‍ ആവേശ് ഖാന് ടീമിലെത്താനും സാധ്യത കുറവാണ്.
Post Your Comments