തൃപ്പൂണിത്തുറ: മതേതരത്വത്തിന്റെ പേര് പറഞ്ഞവർ തന്നെ അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃപ്പൂണിത്തുറ എസ് എൻ ജങ്‌ഷനിൽ എസ്എൻഡിപി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വിമർശനം.
‘എല്ലാം മതേതരത്വമാണ്. ആരും മതം പറയരുതെന്ന് ഇവർ പറയും. എന്നാൽ, മതേതരത്വത്തിന്റെ പേര് പറഞ്ഞവർ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് ഒരു സമുദായക്കാർ സർക്കാരിനെ കുഞ്ചിക്കുപിടിച്ച് നിർത്തുന്നത് കണ്ടില്ലേ? ആ സമുദായത്തിനുവേണ്ടി അവരുടെ ആത്മീയ നേതാക്കൾവരെ ഉടുപ്പിട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം ചെയ്യാൻ വന്നു. ജാതി വിവേചേനം ഇല്ലാതാക്കാനാണ് ഞാൻ ജാതി പറയുന്നത്.
‘തുല്യനീതി എല്ലാവർക്കും കിട്ടണം. ഒപ്പം നിന്ന സമുദായങ്ങൾ സംഘടിതമായി ഉയർന്നു. എന്നാൽ നമ്മുടെ സമുദായത്തെ തകർക്കാൻ ചില കുലംകുത്തികൾ ശ്രമിക്കുന്നുണ്ട്. കുലംകുത്തികൾ നമ്മുടെ സമുദായത്തിൽ കടന്നുവരുന്നുണ്ട്. അതിനെതിരേ കൂട്ടായി പ്രവർത്തിക്കണം,’എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പരിപാടിയിൽ എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അധ്യക്ഷനായിരുന്നു. കെ ബാബു എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
Post Your Comments