മലപ്പുറം: സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിൻ്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടിയാണ് വിധിയെന്ന് ജലീൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന് വിധി സമർപ്പിക്കുന്നതായും കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെ ടി ജലീലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.
ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.
Post Your Comments