കൂത്തുപറമ്പ്: കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന (57) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ കൈയ്യില്‍ നിന്നും 10 പവനോളം വ്യാജ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. സ്വർണം പൂശിയ മുക്കുപണ്ടം യാതൊരു സംശയവുമില്ലാതെ സഹകരണബാങ്കുകളിൽ പണയം വെച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. മുക്കുപണ്ടങ്ങളിൽ കുറച്ചധികം സ്വർണം പൂശുമായിരുന്നതിനാൽ പിടിക്കപ്പെട്ടില്ല. ശോഭനയുടെയും അഫ്‌സലിന്റെയും അറസ്റ്റിൽ നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്. സമൂഹത്തിൽ നല്ല പേരും പ്രശസ്തിയും ഉള്ളവരാണ് ഇവർ. ശോഭനയാണ് സ്വർണം എപ്പോഴും പണയം വെയ്ക്കുക. മുക്കുപണ്ടം പണയം വെച്ച് കിട്ടുന്ന പണത്തിൽ നിന്നും ഒരു വിഹിതം കമ്മീഷനായി അഫ്സൽ ശോഭനയ്ക്ക് നൽകും.
അഫ്സലും ശോഭനയും നേരത്തെ അയൽക്കാരായിരുന്നു. അഫ്സലാണ് ശോഭനയെ തട്ടിപ്പിന് പ്രേരിപ്പിച്ചത്. പണയം വെയ്ക്കാൻ തരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന വിവരം ശോഭനയ്ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബന്ധുക്കൾ കണ്ടാൽ നാണക്കേടാണെന്നും, ചേച്ചി സ്വർണം പണയം വെച്ച് തരണമെന്നും പറഞ്ഞായിരുന്നു അഫ്സൽ ശോഭനയെ സമീപിച്ചത്. ഇതിന്റെ പ്രതിഫലമെന്നോണമായിരുന്നു ഒരു പണയത്തിന് ഇത്ര തുക കമ്മീഷൻ ആയി നൽകിയത്. തട്ടിപ്പു നടത്തിയ പണം കൊണ്ട് ഇയാൾ ആഢംബര ജീവിതം നയിച്ച് വരികയായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം പരാതികൾ ഇതിനകം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. ഇവർക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണ്. കൂത്തുപറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
Post Your Comments