ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര സര്‍ക്കാര്‍ . സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഓരോ പുതിയ പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.
ഇന്ത്യയില്‍ ഒന്നിലധികം ചാര്‍ജറുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ഇ-മാലിന്യം തടയുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കുള്ള ഭാരം കുറയ്ക്കാനുമുള്ള സാധ്യതയും കേന്ദ്രം വിലയിരുത്തി. നിലവില്‍ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പുതിയ നടപടിയിലൂടെ ഇ-മാലിന്യം തടയുക എന്ന വലിയ ലക്ഷ്യമാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
ചാര്‍ജിങ് പോര്‍ട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇപ്പോഴത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും മറ്റു ഗാഡ്ജറ്റുകളിലുമുള്ളത് പോലെ ടൈപ് സി ചാര്‍ജിങ് പോര്‍ട്ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്.
Post Your Comments