കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്. 112 ഗ്രാം എം.ഡി.എം.എ. പ്രതിയുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് പിടിയിലായതെന്ന് പോലീസിന് വ്യക്തമായി.
എം.ഡി.എം.എ., എൽ.എസ്.ഡി. സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്. ഗൾഫിലുള്ള ‘ബോസ്’ എന്നറിയപ്പെടുന്നയാളെ വാട്സാപ്പ് വഴി ഫോൺ ചെയ്ത് നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെൽഫിയും അയച്ചുകൊടുത്താൽ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ചു നൽകുന്നതാണ് രീതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ഗൾഫിലുള്ള ബോസ് നാട്ടിലെ വിതരണക്കാരന് വിവരങ്ങൾ കൈമാറുന്നതിനാൽ കൊണ്ടുവരുന്നയാളെപ്പറ്റി യാതൊരു വിവരവും ഉപയോക്താവിന് ലഭ്യമായിരിക്കില്ല. ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വിൽപ്പനയാണ് ഈ സംഘം നടത്തിവന്നിരുന്നത്. പ്രതിയുടെ രഹസ്യതാവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എം.ഡി.എം.എ., 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽ.എസ്.ഡി. സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപ്പന നടത്തിക്കിട്ടിയ 33,000 രൂപ എന്നിവ പിടിച്ചെടുത്തു. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
Post Your Comments