കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശമുണ്ടായത്. വിഷയത്തിൽ ചിലർ പേർ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വാഴ്ത്തുപാട്ടുകൾ തുടരുമ്പോഴും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകൾ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിന്ദു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘ഇഷ്ടമുള്ള വസ്ത്രം ഇഷ്ടമുള്ള സമയത്തു ധരിക്കുക എന്നത് ഞങ്ങളുടെ അവകാശം ആണ്. അത് കോഴിക്കോട് ഒരു കോടതി പറഞ്ഞാൽ തീർന്നു പോകുന്ന ഒന്നല്ല. ഞങ്ങൾ ധരിക്കുന്ന വസ്ത്രം നോക്കി കയറിപ്പിടിക്കാമെന്ന് ഫോട്ടോഗ്രാഫ് നിരത്തി കോടതിയിൽ വാദിച്ച സിവിക്കിന്, ശിൽബന്ധികൾക്ക് പിന്നെ ഭരണഘടനാ വിരുദ്ധമായ, ദളിത് വിരുദ്ധമായ, സ്ത്രീവിരുദ്ധമായ ഉത്തരവ് ആണ് കോടതി ഇറക്കിയത്. നിയമവാഴ്ചയിൽ, ഭരണഘടനയിൽ പ്രതീക്ഷ അസ്ഥമിച്ചിട്ടില്ല. വാഴ്ത്തുപാട്ടുകൾ തുടരുമ്പോളും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകൾ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും’, ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും, ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Post Your Comments