തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സർക്കാർ മുൻപുണ്ടായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തിൽ നിർത്തിവയ്ക്കാനാകില്ലെന്നും വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരത്തെ കുറിച്ച് പ്രതികരിക്കവേ മന്ത്രി അഭിപ്രായപ്പെട്ടു.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുമെന്നും സമരം തുടങ്ങിയപ്പോൾ മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരുമായി ചർച്ച ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം 31-ാം തിയതി വരെ തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. നൂറുകണക്കിന് തീരദേശവാസികൾ ആണ് ഇന്നലെ ഉപരോധ സമരത്തിനെത്തിയത്. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിമാർ അറിയിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല.
Post Your Comments