KeralaLatest NewsNews

ഷാജഹാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്, പ്രതികൾ കൊലയ്ക്ക് ശേഷം ബാറിലെത്തി ആഹാരം പാർസലായി വാങ്ങി

കൊച്ചി: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഷാജഹാനോട് വിരോധം തോന്നാനുള്ള കാരണം, കൊലയിലേക്ക് നയിച്ചതെന്താണ് തുടങ്ങിയ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഒന്നാംപ്രതി ശബരീഷ്,​ രണ്ടാം പ്രതി അനീഷ്,​ നാലാം പ്രതി ശിവരാജൻ,​ ആറാംപ്രതി സുജീഷ്,​ ഏഴാം പ്രതി സജീഷ്,​ എട്ടാംപ്രതി വിഷ്ണു എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. മൂന്നാംപ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും ചൊവ്വാഴ്ച രാവിലെ പിടികൂടിയിരുന്നു. ഓഗസ്റ്റ് പതിനാലിന് രാത്രി ഒമ്പതരയോടെയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ചന്ദ്രനഗറിലെ ബാറിലാണ് പ്രധാന പ്രതി നവീന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ എത്തി മദ്യപിച്ച് മടങ്ങിയത്.

അരമണിക്കൂറിലധികം നേരമാണ് ബാറില്‍ ഇവര്‍ ചെലവഴിച്ചതെന്നും ഷാജഹാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് കടന്നുകളഞ്ഞെന്നും മൊഴിയിലുണ്ട് . നവീന്‍‌ പിടിയിലായതിന് പിന്നാലെയാണ് ബാറിലെത്തിയിരുന്ന വിവരം പൊലീസിനോട് പറഞ്ഞത്. അന്വേഷണസംഘം ബാറിലെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. അതേസമയം ഷാജഹാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കൈയ്യിലും ആഴത്തില്‍ മുറിവേറ്റിരുന്നു.

വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ആക്രമണത്തിൽ ഷാജഹാന്റെ കയ്യിനും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ കാലിനേറ്റ മുറിവ് ആഴത്തിലുള്ളതാണ്. മുറിവിൽ നിന്നു രക്തം വാർന്ന് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ചെറുതും വലുതുമായി പന്ത്രണ്ട് മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആദ്യം കാലിലും പിന്നീട് കൈയ്യിലും വെട്ടിയെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.

ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ഷാജഹാനെ വെട്ടിയെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. എന്നാല്‍ കൊലയാളി സംഘത്തിലെ ചിലര്‍ ആക്രമണ സമയത്ത് ഷാജഹാന്റെ ചുറ്റിലുമായി ആയുധവുമായി മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ വരുന്നത് തടയുന്ന മട്ടില്‍ നിലയുറപ്പിച്ചതായും സാക്ഷികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button