പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. പുലർച്ചെ 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന്, നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.
മണ്ഡപത്തിൽ മഹാ ഗണപതി ഹോമവും, 7.30ന് ഉഷപൂജയും ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പും നടന്നു. ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശിൻ്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. വി.എൻ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം, ആറൻമുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്ശാന്തി). ചിങ്ങം ഒന്നിൻ്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയിൽ ലക്ഷാർച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയിൽ അയ്യപ്പ ദർശനത്തിനായി എത്തിയത്.
ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി, 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6ന് ആണ് തിരുനട തുറക്കുക. സെപ്റ്റംബര്‍ 10ന് നട അടയ്ക്കും.
Post Your Comments