കൊച്ചി: മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍ഗോഡ് നിന്നാണ് അര്‍ഷാദിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്.
Read Also: തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസ് : മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ലാറ്റിലാണു സംഭവം. സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടര്‍ച്ചയായി ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറന്നിരുന്നില്ല. സജീവനെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. അര്‍ഷാദിനെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ കട്ടാക്കിയതിനു ശേഷം സ്ഥലത്തില്ലെന്നു അര്‍ഷാദ് സന്ദേശമയച്ചുവെന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റില്‍ പ്രവേശിക്കുകയായിരുന്നു. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുണ്ട്. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്.
അതേസമയം, അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്ന് പിതാവ് കെ.കെ.റസാഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് തന്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റസാഖ് പറഞ്ഞു.
Post Your Comments